കേരളത്തിലെ ഇസ്‌ലാമിൻ്റെ ആവിർഭാവത്തെക്കുറിച്ച് ധാരാളം പഠനങ്ങൾ നടന്നിട്ടുണ്ട്. ഇസ്‌ലാമിൻ്റെ വ്യാപനം പ്രവാചകന്റെ കാലത്തുതന്നെയായിരുന്നോ അതോ ഹിജ്റ 200നു ശേഷമോ എന്ന ചർച്ചയിലാണ് ചരിത്രകാരന്മാർ കൂടുതൽ അഭിപ്രായ പ്രകടനങ്ങൾ നടത്തിയിട്ടുള്ളത്.
പ്രവാചക കാലത്തിനും നൂറ്റാണ്ടുകൾക്കു മുമ്പേ തന്നെ അറേബ്യൻ വണിക്കുകൾക്ക് കേരളവുമായി സമുദ്രവ്യാപാരബ ന്ധങ്ങൾ ഉണ്ടായിരുന്നു എന്ന് ഖണ്ഡിതമായ തെളിവുകൾ ഉദ്ധ രിച്ച് സയ്യിദ് സുലൈമാൻ നദ്‌വിയെ1 പോലുള്ള ചരിത്രകാരന്മാർ നിരീക്ഷിച്ചിട്ടുള്ളത് ഏറെ ശ്രദ്ധേയമാണ്. പ്രാചീന ചീനയിലെ മംഗോൾ (മിങ്) ചക്രവർത്തിമാരുടെ കാലത്ത് രചിച്ച ‘മിൻ-ഷു’ എന്ന ചൈനീസ് ഗ്രന്ഥത്തിൽ മുഹമ്മദ് നബിയുടെ അനുചരന്മാരായ നാലു പേർ (ക്രി.ശേ. 618നും 627നും ഇടയ്ക്ക്) ചൈനയുടെ കിഴക്കൻ സമുദ്രതീരങ്ങളിൽ ഇസ്‌ലാമിൻ്റെ പ്രചാരകരായി വന്ന തിന്റെ ചരിത്രം പരാമർശിച്ചുകൊണ്ട് കേരളത്തിലെ പ്രാമാണിക ചരിത്രപണ്ഡിതനായ കേസരി എ ബാലകൃഷ്ണപിള്ള പ്രസ്താവിക്കുന്നത്, ഇത്തരം സമുദ്രയാത്രികർ ഇന്ത്യയിൽ നമ്മുടെ കൊല്ലത്ത് ഇറങ്ങിയിരുന്നെന്നും അതിനാൽ പ്രവാചക കാലത്ത് ഇസ്ലാം കേരളത്തിൽ എത്തിയെന്നത് തീർത്തും സംഭവ്യമാവാൻ സാധ്യതയുണ്ട് എന്നുമാണ്.
കേരളത്തിലെ ആദിമ മുസ്‌ലിം ആവിർഭാവം പഠനവിധേയമാക്കപ്പെട്ടതുപോലെ തന്നെ അവരുടെ സ്വത്വ-സാംസ്കാരിക പാരമ്പര്യങ്ങളും പഠനവിധേയമാക്കപ്പെടേണ്ടതുണ്ട്. മധ്യകാല ഘട്ടത്തോടെ കേരളത്തിൽ മതപ്രചാരകരായി അറബ് ദേശക്കാരുടെ കുടിയേറ്റമുണ്ടായി. അവരെ തദ്ദേശീയരായ രാജാക്കന്മാർ എല്ലാ ഉപചാരങ്ങളോടെയും സ്വീകരിച്ച് ആനയിച്ചു. 18-ാം നൂറ്റാണ്ടോടെ മലബാറിൽ വൻതോതിൽ ഹദ്റമി വംശജരുടെ കുടിയേറ്റമുണ്ടായി. പ്രസ്തുത നൂറ്റാണ്ടിൽ തന്നെയാണ് ബോംബെയിലെ കർദാനിൽ നിന്ന് മുഹമ്മദ് ഷാ തങ്ങൾ മലബാറിലെ കൊണ്ടോട്ടിയിൽ ആസ്ഥാനമൊരുക്കി പ്രവർത്തനങ്ങൾ വികസിപ്പിച്ചതും. അതോടെ മലബാറിലെ മുസ്‌ലിം ജീവിതത്തിൽ ശിയാ ആശയ സ്വാധീനവും സമാന്തരമായി വർധിച്ചു.
ഒരു നൂറ്റാണ്ടിലധികം കാലം പൊന്നാനി പണ്ഡിതന്മാരും കൊണ്ടോട്ടി ശൈഖിൻ്റെ അനുചരന്മാരും ആശയപരമായി ഏറ്റുമുട്ടി. 19-ാം നൂറ്റാണ്ട് ഏതാണ്ട് പൂർണമായും അതിൻ്റെ മൂർധന്യാവസ്ഥയിലായിരുന്നു. കൊണ്ടോട്ടി ശൈഖുമാരുടെ വരവോടെ ശിയാ സ്വാധീനമുള്ള പല ആചാരാനുഷ്‌ഠാനങ്ങളും അവരുടെ അനുയായിവൃന്ദത്തിനിടയിൽ വേരുറച്ചു. ഇക്കാലചരിത്രാന്വേഷണങ്ങളെ ഗൗരവത്തിൽ ഏറ്റെടുക്കുന്ന ചരിത്ര വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം കേരള മുസ്‌ലിം പൈതൃകത്തിൻ്റെ സാംസ്‌കാരിക വേരുപടലം അറേബ്യയാണോ പേർഷ്യനാണോ എന്നു സന്ദേഹിക്കുന്നത് സ്വാഭാവികമാണ്. അത്തരം സന്ദേഹങ്ങളിൽ നിന്നാണ് വ്യത്യസ്ത വീക്ഷണങ്ങളുള്ള ചരിത്രസംവാദങ്ങൾ രൂപപ്പെടുന്നത്. 1966 ഒക്ടോബർ ഒന്നിനാണ് പ്രൊഫ. മങ്കട അബ്ദുൽ അസീസ് ‘കേരള മുസ്ലിം ചരിത്രം: ചില കാണാത്ത കണ്ണികൾ’ എന്നൊരുപ്രൗഢമായ ലേഖന പരമ്പര ചന്ദ്രിക ആഴ്‌ചപ്പതിപ്പിൽ എഴുതു ന്നത്. നാലു ലക്കങ്ങളിൽ തുടർച്ചയായി എഴുതിയ പ്രസ്തുത ലേഖനങ്ങളിലെ നിരീക്ഷണങ്ങളെ അനുകൂലിച്ചും പ്രതികൂലിച്ചും വായനക്കാരിൽ നിന്ന് അക്കാലത്ത് ധാരാളം പ്രതികരണ കുറിപ്പുകളുണ്ടായി. കേരള മുസ്‌ലിം പാരമ്പര്യത്തിൽ പേർഷ്യൻ സ്വാധീനമാണ് പ്രഭാവമായി കാണാനാവുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദവും കണ്ടെത്തലുകളും. ഈയൊരു ചരിത്ര ഗവേഷണ മണ്ഡലത്തിൽ ഗൗരവമുള്ള പുത്തൻ സംവാദങ്ങൾ നടക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.
പ്രസ്തുത ലേഖനത്തിലെ നിരീക്ഷണങ്ങളോട് വിയോജിച്ചു കൊണ്ട് 1966 നവംബർ 12, 19 തിയ്യതികളിലെ ചന്ദ്രികയിൽ ചരിത്രകാരനും പണ്ഡിതനുമായ ഡോ. പി എം അബ്ദുറഹ്‌മാൻ പ്രത്യാഖ്യാനമെഴുതി. പിന്നീട് 1967 ജൂലൈ 1 മുതൽ ആഗസ്റ്റ് 5 വരെ ആറു ലക്കങ്ങളിലായി ചരിത്ര പണ്ഡിതനായ കെ കെ മുഹമ്മദ് അബ്ദുൽ കരീം ഇതിനു ഖണ്ഡനം എഴുതി.
രണ്ടു പേരും എക്കാലത്തും ആത്മസുഹൃത്തുക്കളായിരുന്നു. ഇരുപതിലേറെ വർഷം മുമ്പൊരിക്കൽ ഞാൻ കെ കെ മുഹമ്മദ് അബ്ദുൽ കരീം സാഹിബുമൊന്നിച്ച് പ്രൊഫ. മങ്കട അബ്ദുൽ അസീസ് മൗലവിയുടെ വീട്ടിൽ പോയിരുന്നു. അന്ന് അവരിരുവ രും 1960കളിൽ എഴുതിയ ‘കേരള മുസ്ലിം ചരിത്രം: കാണാത്ത കണ്ണികൾ’ എന്ന ലേഖനങ്ങൾ സമാഹരിച്ച് പുസ്‌തകമാക്കുന്നതിലുള്ള താൽപര്യം സംഭാഷണത്തിനിടയിൽ ചർച്ചയായി. ഇരുവരും അപ്പോൾ തന്നെ അനുകൂലമായ അഭിപ്രായം പ്രകടി പ്പിച്ചു. രണ്ടു വർഷം കഴിഞ്ഞപ്പോൾ കരീം മാഷ് നിര്യാതനായി. പിറകെ മൗലവിയും. അവർ തമ്മിലെ ആ സംഭാഷണമാണ് പ്രസ്തുത ലേഖനം സമാഹരിച്ച് പുതുകാല ചരിത്രാന്വേഷികളുടെ മുന്നിൽ എത്തിക്കണമെന്ന ആലോചന എന്നിൽ ഉണ്ടാക്കിയത്.
കേരള മുസ്‌ലിം പാരമ്പര്യവുമായി ബന്ധപ്പെട്ട് ഇത്തര ത്തിൽ ഒരു ചരിത്ര സംവാദം മലയാളത്തിൽ ഇതിനു മുമ്പോ പിമ്പോ നടന്നിട്ടില്ല. നടന്നതെല്ലാം കേരളത്തിലേക്കുള്ളഇസ്‌ലാമിന്റെ ആഗമനവും അതിൻ്റെ കാലഘട്ടവുമായി ബന്ധപ്പെട്ടവയായിരുന്നു. ഈ സമാഹാരത്തിലെ ലേഖനങ്ങൾ പലതും നിരന്തരമായ അന്വേഷണത്തിനൊടുവിൽ വ്യത്യസ്‌ത സമയങ്ങളിലാണ് കണ്ട ത്താനായത്. മൂന്നു പേരുടെ ലേഖനങ്ങളും ഏതാണ്ട് പൂർണ മായിത്തന്നെ പുസ്‌തകത്തിൽ ചേർത്തിട്ടുണ്ട്. അര നൂറ്റാണ്ടു മുമ്പുള്ള പ്രസിദ്ധീകരണത്തിൽ നിന്നായതിനാൽ അക്കാലത്തെ അച്ചടി സംവിധാനങ്ങളുടെ പരിമിതികൾ പല വാചകങ്ങളിലും കടന്നുകൂടിയിരുന്നു. അത്തരം തെറ്റുകളൊക്കെ കഴിയുന്നതും തിരുത്തിയിട്ടുണ്ട്.
എൻ കെ ശമീർ കരിപ്പൂർ