പ്രശസ്ത ചരിത്ര പണ്ഡിതനും ഗവേഷകനും ഗ്രന്ഥകാരനുമായ മർഹ്യൂം കെ കെ, മുഹമ്മദ് അബ്ദുൽകരീം തൻ്റെ ജീവിതത്തിന്റെ അവസാന കാലത്ത്, ഒരു ദിവസം എൻ്റെ വീട്ടിൽ വന്നു. ഒരു ‘ഹദ്യ’യുമായാണ് അദ്ദേഹം വന്നത്. അതെനിക്കു തന്നു. ജൂതമതക്കാരനായി ജനിച്ചു വളർന്ന്. പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് പ്രഗത്ഭ ഇസ്ലാമിക പണ്ഡിതനും ചിന്തകനും ഗ്രന്ഥകാരനും പ്രബോധകനുമൊക്കെ ആയി മാറിയ മുഹമ്മദ് അസദ് ഇംഗ്ലീഷ് ഭാഷയിൽ രചിച്ച ഖുർആൻ പരിഭാഷാ വ്യാഖ്യാന ഗ്രന്ഥമായ The Message of the Quran (ഖുർആ നിന്റെ സന്ദേശം) (സമ്പൂർണ എഡിഷൻ 1980) ആയിരുന്നു ആ വിലപ്പെട്ട ഹദ്യ
മുഹമ്മദ് അസദിനെയും അദ്ദേഹത്തിൻ്റെ ഖുർആൻ പരിഭാഷയെയും വ്യാഖ്യാനത്തെയും കുറിച്ച് മുമ്പു തന്നെ കേട്ടിരുന്നുവെങ്കിലും ഞാൻ അത് ആദ്യമായി കാണുകയായിരുന്നു. ഗ്രന്ഥത്തിൻ്റെ ഏതാനും പേജുകൾ മറിച്ചുനോക്കിയപ്പോൾ തന്നെ അത് മറ്റു ഇംഗ്ലീഷ് പരിഭാഷ വ്യാഖ്യാനങ്ങളിൽ നിന്ന് വ്യത്യസ്തവും സവിശേഷവും മൗലികതയാർന്നതുമാണെന്ന് തോന്നി. തുടർന്ന്, കൂടുതൽ വായിക്കുകയും പഠിക്കുകയും ചെയ്തപ്പോൾ അതിനോടുള്ള എൻ്റെ ഇഷ്ടവും ആകർഷണവും വർധിച്ചുവന്നു. അതിനെക്കുറിച്ച് ഒരു വിശകലനപഠനം നടത്തണമെന്ന ഒരാഗ്രഹം എൻ്റെ മനസ്സിൽ ജനിക്കുകയായിരു ന്നു. അങ്ങനെ, അതിനെക്കുറിച്ച് സംക്ഷിപ്തവും ഹ്രസ്വവുമായ ഒരു പഠനം തയ്യാറാക്കുകയും ‘അത്തൗഹീദ്’ മാസികയുടെ രണ്ടു ലക്കങ്ങളിലായി (2014-15) പ്രസിദ്ധീകരിക്കുകയും ചെയ്തു. എന്നാൽ പിന്നീട് അത് പോരെന്നും കൂടുതൽ വിശദമായ ഒരു പഠനം വേണമെന്നും എനിക്കു തോന്നി. അതിനായുള്ള പരിശ്രമത്തിന്റെ ഫലമാണ് നിങ്ങളുടെ മുമ്പിലുള്ള ഈ ഗ്രന്ഥം.
ഗ്രന്ഥത്തിന് മൂന്ന് ഭാഗങ്ങളാണുള്ളത്. ഒന്നാം ഭാഗത്തിൽ മുഹമ്മദ് അസദിന്റെ ജീവചരിത്രവും ഗ്രന്ഥങ്ങളുമാണ്. രണ്ടാം ഭാഗത്തിൽ അദ്ദേഹത്തിൻ്റെ ഖുർആൻ പരിഭാഷയുടെയും വ്യാഖ്യാനത്തിന്റെയും സവിശേഷതകളും രീതിശാസ്ത്രവും പ്രതിപാദിക്കുന്നു. മൂന്നാം ഭാഗത്തിൽ അദ്ദേഹത്തിന്റെ ഖുർആൻ വിവർത്തനത്തിന്റെയും വ്യാഖ്യംനങ്ങളുടെയും ചില മാതൃകകൾ ഉദ്ധരിച്ചിരിക്കുന്നു.
പൗരാണികരും ആധുനികരുമായ ഖുർആൻ വ്യാഖ്യാതാക്കളുടെ വ്യാഖ്യാനങ്ങളെയും സ്വന്തം യുക്തിചിന്തയെയും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു രീതിയാണ് മുഹമ്മദ് അസദ് തൻ്റെ ഗ്രന്ഥത്തിൽ സ്വീകരിച്ചിരിക്കുന്നത് മധ്യനൂറ്റാണ്ടുകളിലെ ‘തഫ്സീറുകളാ’ണ് ഖുർആൻ വ്യാഖ്യാനത്തിൻ്റെ അവസാന വാക്കെന്നു പലരും ധരിക്കുന്നുണ്ട്. അങ്ങനെയുള്ളവർക്ക് മുഹമ്മദ് അസദിൻ്റെ വ്യാഖ്യാനങ്ങളിൽ പലതും അസ്വികാര്യമായിരിക്കാം. എല്ലാ കാലത്തെയും എല്ലായിടങ്ങളിലെയും എല്ലാ മനുഷ്യർക്കും സന്മാർഗദർശകമായി അല്ലാഹു അവതരിപ്പിച്ചു തന്ന ദൈവികഗ്രന്ഥത്തെ ഏതാനും പഴയ തഫ്സീറുകളിൽ തളച്ചിടുന്നത് ശരിയല്ല എന്ന ബോധം സ്യഷ്ടിക്കാൻ മു ഹമ്മദ് അസദിന്റെ വ്യാഖ്യാനങ്ങൾക്ക് ഒരു വലിയ അളവോളം കഴിയുമെന്നു ഞാൻ കരുതുന്നു.
ഞാൻ തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ ഈ ഗ്രന്ഥരചനക്ക്, താൻ അറിയാതെയാണെങ്കിലും കാരണഭൂതനായ മർഹും കെ കെ മുഹമ്മദ് അബ്ദുൽ കരീം സാഹിബിനെ ഞാൻ നന്ദിപൂർവം ഓർമിക്കുകയാണ്. അദ്ദേഹത്തിൻ്റെ പരലോക ജീവിതം അല്ലാഹു സൗഭാനൃ പൂർണമാക്കിക്കൊടുക്കട്ടെ ആമീൻ.
ഡോ. ഇ കെ അഹ്മദ്കുട്ടി