മൂന്ന് അടിസ്ഥാന ഘടകങ്ങളാൽ സ്ഥാപിതമാണ് ഇസ്ലാമിക ദർശനം. തൗഹീദ്. ആഖിറത്ത്. രിസാലത്ത് എന്നിവയാണവ. ഖുർആനിന്റെ മൂന്നിലൊന്ന് ഭാഗം ഉപയോഗപ്പെടുത്തിയത് തൗഹീദ് അഥവാ ഏകദൈവ വിശ്വാസത്തിൻ്റെ വിവരണത്തിനു വേണ്ടിയാണ്. ഇസ്ലാമിക വിശ്വസം. അനുഷ്ഠാനം, ഇടപാടുകൾ എന്നിവയെല്ലാം ഏകദൈവ വിശ്വാസവുമായി ബന്ധപ്പെട്ട നിലയിലാണ് നിശ്ചയിക്ക പ്പെട്ടിരിക്കുന്നത്. ഇസ്ലാമിക ജീവിതം എന്ന് ഇതിനെ മൊത്തത്തിൽ വിശേഷിപ്പിക്കാം. ഇസ്ലാമിക ജീവിതത്തിൻ്റെ ലക്ഷ്യം പരലോക മോക്ഷമാണ്. ഏകദൈവ വിശ്വാസത്തിൽ നിന്ന് തെന്നിമാറിയുള്ള ഒരു കർമവും പരലോകത്ത് അല്ലാഹുവിൻ്റെ അടുക്കൽ സ്വീകാര്യമാവുകയില്ല. അത് നരകപ്രവേശനത്തിന് കാരണമാകുന്ന മഹാപാപവുമാണ്.
വിശുദ്ധ ഖുർആനും പ്രവാചക വചനങ്ങളും സവിസ്തരം പ്രതിപാദിച്ചിട്ടുള്ള ഇക്കാര്യത്തിൽ മുസ്ലിംകൾക്കിടയിൽ അഭിപ്രായ ഭിന്നത ഉണ്ടായിക്കൂടാത്തതാണ്. എന്നാൽ ഈ വ്യതിയാനം എല്ലാ പ്രവാചകൻമാരുടെയും അനുയായികളിൽ സംഭവിച്ചിട്ടുണ്ട് എന്നതാണ് ചരിത്രം. ഇസ്ലാമിലെ സാങ്കേതിക പദങ്ങളായ തവസ്സുൽ, ഇസ്തിഗാസ, തബർറുക്. കറാമത്ത് തുടങ്ങിയവയെ തെറ്റായി അവതരിപ്പിച്ചുകൊണ്ടും വ്യാഖ്യാനിച്ചുകൊണ്ടും ബഹുദൈവവിശ്വാസത്തിൻ്റെ ഭാഗമായ ആരാധനാരൂപങ്ങളെ ഇസ്ലാമികവത്കരിക്കുന്ന പ്രവണത ഇവിടെ നിലനിൽക്കുന്നുണ്ട്. ലോകത്തെ നിയന്ത്രിക്കുന്നതു തന്നെ ഔലിയാക്കളാണെന്ന മട്ടിൽ മായാവിക്കഥകളെ വെല്ലുന്ന അദ്ഭുത കഥകൾ പൗരോഹിത്യം വ്യാപകമായി പ്രചരിപ്പിപ്പിച്ചുകൊണ്ടിരിക്കുന്നു.
ജിന്ന്, സിഹ്റ് വിഷയങ്ങളിൽ ഖുർആനും ശരിയായ ഹദീസും പറഞ്ഞുവെച്ചതിനപ്പുറമുള്ള വ്യാഖ്യാനങ്ങൾ ചമച്ചുണ്ടാക്കി മുസ്ലിം മനസ്സുകളിൽ അല്ലാഹുവല്ലാത്തവരിലുള്ള ഭയം ജനിപ്പിച്ച് വിശ്വാസവ്യതി യാനത്തിലേക്കും അതുവഴി വലിയ തോതിലുള്ള ചൂഷണങ്ങളിലേക്കും അവരെ തള്ളിവിടുന്നു. ഈയൊരു സാഹചര്യത്തിൽ ഇവ്വിഷയകമായി എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ‘അമ്പിയാക്കളുടെയും ഔലിയാക്കളുടെയും മാർഗം’ എന്ന ഈ പുസ്തകം.
അബ്ദുസ്സലാം പുത്തൂർ